22, Fri, Aug , 2014

Real estate classifieds Automotive classifieds Career classifieds Hotels classifieds Health care classifieds Jewellery classifieds
By MNH Reporter
Updated on 29/01/2014

വിഎസും വി.എം.സുധീരനും കൈകോര്‍ക്കുന്നു

ആലപ്പുഴ : പാര്‍ട്ടിയ്‌ക്കുളളിലെ അക്രമങ്ങളും അനീതികളും കണ്ട്‌ മനം മടുത്ത്‌ കേരളത്തിലെ രണ്ട്‌ സമുന്നത നേതാക്കള്‍ ഒന്നിക്കാന്‍ തീരുമാനിച്ചതായി സൂചന. സിപിഎമ്മില്‍ വി.എസ്‌.അച്യുതാനന്ദന്‍ അനഭിമതനായിട്ട്‌ കാലമേറയായി. അച്യുതാനന്ദന്റെ മൂല്യങ്ങളിലും ആദര്‍ശങ്ങളിലും പാര്‍ട്ടിയിലെ ചിലര്‍ക്കെങ്കിലും അസഹിഷ്‌ണുതയുണ്ടെന്ന കാര്യം അങ്ങാടിപ്പാട്ടാണ്‌. പാര്‍ട്ടിയെ വളര്‍ത്തി വലുതാക്കാന്‍ താന്‍ സഹിച്ച കഷ്ടതകളുടെ നീണ്ട നിരയുണ്ട്‌ അച്യൂതാനന്ദന്‌ അവകാശപ്പെടാന്‍. എന്നാല്‍ ഏറെയൊന്നും പാരമ്പര്യമില്ലാത്ത പുത്തന്‍ കൂറ്റുകാരുടെ പല പ്രവര്‍ത്തനങ്ങളിലും അച്യുതാനന്ദന്‍ അസംതൃപ്‌തനാണ്‌. ഇവര്‍ക്കാകട്ടെ അച്യുതാനന്ദന്‍ ഒരു പഴമക്കാരനും. പലരുടെയും ധാര്‍ഷ്ട്യത്തിന്‌ വഴങ്ങാന്‍ അച്യുതാനന്ദനും അച്യുതാനന്ദനെ ഉള്‍ക്കൊളളാന്‍ മറ്റ്‌ പലര്‍ക്കും കഴിയുന്നില്ല. ഈഘട്ടത്തിലാണ്‌ അച്യുതാനന്ദന്‍ എന്ത്‌ ചെയ്‌താലും അച്ചടക്കത്തിന്റെ വാളുമോങ്ങി പലരും എപ്പോഴും അദ്ദേഹത്തിന്റെ പിന്നില്‍ തന്നെ ജാഗരൂകരായി നിലകൊളളുന്നത്‌. ഇനി സഹിക്കാന്‍ തനിക്കാകില്ലെന്ന്‌ അച്യുതാനന്ദന്‍ വ്യക്തമാക്കുന്നു. 
കോണ്‍ഗ്രസിനുളളിലെ അച്യുതാനന്ദനാണ്‌ വി.എം.സുധീരന്‍. ആശയങ്ങളിലും ആദര്‍ശങ്ങളിലും അണുവിട വെളളം ചേര്‍ക്കാന്‍ തയാറാകാത്ത നേതാവ്‌. കോണ്‍ഗ്രസിനുളളില്‍ ഇദ്ദേഹത്തെ ഉള്‍ക്കൊളളാന്‍ പലര്‍ക്കും ആകുന്നില്ല. അത്‌ കൊണ്ട്‌ തന്നെ മുഖ്യധാരയിലും അധികാര സ്ഥാനങ്ങളിലും നിന്ന്‌ അദ്ദേഹം ഒഴിഞ്ഞ്‌ നില്‍ക്കാനും ശ്രമിക്കുന്നു. എന്നാല്‍ പലപ്പോഴും തന്റെ വലുപ്പത്തിനനുസരിച്ചുളള കസേരകളില്‍ നിന്ന്‌ ബോധപൂര്‍വം പലരും തന്നെ അകറ്റി നിര്‍ത്തുന്നത്‌ അദ്ദേഹത്തെയും മടുപ്പിച്ച്‌ കഴിഞ്ഞു. ഈ ഘട്ടത്തിലാണ്‌ അദ്ദേഹവും ഒരു പുനര്‍ചിന്തനത്തിന്‌ തയാറായിരിക്കുന്നത്‌ എന്ന്‌ വേണം കരുതാന്‍. 
ഏതായാലും രണ്ട്‌ പ്രമുഖ പാര്‍ട്ടിയിലെ അസംതൃപ്‌തര്‍ ഒരുമിക്കുമ്പോള്‍ ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടാകുമെന്നും പറഞ്ഞു കേള്‍ക്കുന്നു. പാര്‍ട്ടിയ്‌ക്ക്‌ വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റി വച്ചൊരു സ്‌ത്രീരത്‌നം. എന്നിട്ടും അവഗണനകള്‍ മാത്രം സ്വന്തമാക്കാനായി. സ്വന്തം ആശയങ്ങളില്‍ ഉറച്ച്‌ നിന്നത്‌ കൊണ്ട്‌ മാത്രം ഒട്ടേറെ അപവാദങ്ങള്‍ക്കും പഴികള്‍ക്കുമായി തന്റെ കാതുകളെ വിട്ട്‌ കൊടുക്കേണ്ടി വന്നു. ഒടുവില്‍ ജീവിത സായന്തനത്തില്‍ അഭയമേതുമില്ലാതെ നില്‍ക്കേണ്ടി വരികയാണ്‌ കെ.ആര്‍.ഗൗരിയമ്മ എന്ന കേരളത്തിന്റെ ഈ ഉരുക്ക്‌ വനിതയ്‌ക്ക്‌. ഒരുകാലത്ത്‌ പാര്‍ട്ടിയ്‌ക്ക്‌ വേണ്ടി ഇവര്‍ക്കെതിരെ അച്യുതാനന്ദന്‌ നില്‍ക്കേണ്ടി വന്നിട്ടുണ്ട്‌. പക്ഷേ ഇന്ന്‌ കൈപിടിക്കാന്‍ ഇദ്ദേഹവും ഒരുക്കമാണ്‌. പാര്‍ട്ടിയിലെ ആ പഴയ സഖാവിനെ വഴിയില്‍ ഉപേക്ഷിക്കാന്‍ ആകുന്നില്ല. 
ഈ മൂവരും ഒന്നിക്കുമ്പോള്‍ കേരളത്തിലും സാധാരണക്കാരന്‌ പ്രതീക്ഷയാകുകയാണ്‌. കേരളത്തിലെ സാധാരണക്കാരുടെ പ്രതിനിധികളാണ്‌ മൂവരും. അങ്ങ്‌ ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടി ഉയര്‍ത്തി വിട്ട മാറ്റത്തിന്റെ കാറ്റ്‌ ഇവിടെയേന്താന്‍ ഈ ആറ്‌ കരങ്ങള്‍ക്ക്‌ കാലം കൊടുത്ത്‌ ആര്‍ജ്ജിച്ച കരുത്തുണ്ട്‌. നമുക്കും കാത്തിരിക്കാം പുതിയ,പ്രതീക്ഷയുടെ വാര്‍ത്തകള്‍ക്ക്‌.
MORE NEWS